മരങ്ങാട്ടുപിള്ളി :- മികച്ച പ്രവർത്തനങ്ങൾ നടത്തിയ പ്രാഥമിക സഹകരണ ബാങ്കുകൾക്ക് കേരള ബാങ്ക് ഏർപ്പെടുത്തിയ എക്സലൻസ് അവാർഡിന് മരങ്ങാട്ടുപിള്ളി സഹകരണ ബാങ്ക് അർഹത നേടി. ക്യാഷ് അവാർഡും മെമന്റോയും ബാങ്ക് പ്രസിഡന്റ് എം. എം. തോമസ് മേൽവെട്ടവും ഭരണസമിതിയംഗങ്ങളും സെക്രട്ടറിയും ചേർന്ന് കേരളാ ബാങ്ക് മാനേജിംഗ് കമ്മിറ്റി ചെയർമാൻ രവീന്ദ്രൻ ബി.യിൽ നിന്നും ഏറ്റു വാങ്ങി.
ബാങ്കിലെ ആകെ നിക്ഷേപം, ബാങ്കിന് കേരളാ ബാങ്കിലുള്ള നിക്ഷേപവും ഓഹരിയും, ബാങ്കിൽ സൂക്ഷിച്ചിട്ടുള്ള മതിയായ തരളധനം, സാമ്പത്തിക അച്ചടക്കത്തിനുള്ള നിരീക്ഷണം, ബാങ്ക്/ ഡിപ്പാർട്ട്മെന്റ് എന്നിവിടങ്ങളിൽ സമർപ്പിക്കേണ്ട റിട്ടേണുകൾ നിശ്ചിത സമയത്തിനുള്ളിൽ സമർപ്പണം, വായ്പ കുടിശ്ശിഖ ശതമാനം, കാർഷിക വായ്പ, സ്കീമാറ്റിക് വായ്പകൾ, മറ്റ് നൂതന വായ്പാ പദ്ധതികൾ, അംഗങ്ങളുടെ വർദ്ധനവ്, ഓഹരി മൂലധനം, പ്രവർത്തന മൂലധനം, അംഗങ്ങൾക്ക് നൽകുന്ന ലാഭവിഹിതം, സ്വയം സഹായ സംഘങ്ങളുടെ എണ്ണം, ബാങ്ക് സ്വന്തം നിലയിൽ നടപ്പാക്കിയ പദ്ധതികൾ, സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം, വികസന പ്രവർത്തനങ്ങൾ തുടങ്ങിയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് ബാങ്കിന് ഈ അവാർഡ് ലഭിച്ചത്.
ക്ലാസ്സ് 1 സൂപ്പർ ഗ്രേഡ് വിഭാഗത്തിൽപെടുന്ന ബാങ്കിന് 17000 അംഗങ്ങളും 182 കോടി രൂപയുടെ നിക്ഷേപവും 117 കോടി രൂപയുടെ വായ്പയുമുണ്ട്. 103.17ലക്ഷം രൂപ ലാഭം നേടിയ ബാങ്ക് അംഗങ്ങൾക്ക് തുടർച്ചയായി 25% ലാഭവിഹിതം നൽകുന്നു. സഹകരണ വകുപ്പ് അന്തർദേശീയ സഹകരണ ദിനത്തോടനുബന്ധിച്ച് സംസ്ഥാനത്ത് മികച്ച രീതിയിൽ പ്രവർത്തിക്കുന്ന സഹകരണ ബാങ്കുകൾക്ക് ജില്ലാ തലത്തിൽ ഏർപ്പെടുത്തിയ അവാർഡും ബാങ്കിന് ലഭിച്ചിട്ടുണ്ട്.