സ്ഥാപകദിനം ആചരിച്ചു.

മരങ്ങാട്ടുപിള്ളി:- സഹകരണ ബാങ്ക് 70-ാമത് സ്ഥാപക ദിനം ആചരിച്ചു. ബാങ്ക് ആഡിറ്റോറിയത്തിൽ വച്ച് നടന്ന സമ്മേളനത്തിൽ ബാങ്ക് പ്രസിഡന്റ് എം.എം.തോമസ് മേൽവെട്ടം അദ്ധ്യക്ഷത വഹിച്ചു. മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബെൽജി ഇമ്മാനുവൽ ഉദ്ഘാടനം നിർവ്വഹിച്ചു. സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ജോൺസൺ പുളിക്കീൽ സ്ഥാപകദിന സന്ദേശം നൽകി.


ബാങ്ക് വൈസ് പ്രസിഡന്റ് അജികുമാർ മറ്റത്തിൽ,പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷ രാജു, ഭരണ സമിതിയംഗങ്ങളായ ആൻസമ്മ സാബു, ബിനീഷ് ഭാസ്കരൻ, സിൽ ബി ജെയ്സൺ,സെക്രട്ടറി ജോജിൻ മാത്യു, ജീവനക്കാരുടെ പ്രതിനിധി വിജയ ബാബു സി. തുടങ്ങിയവർ സംസാരിച്ചു.
1955 ജൂൺ 12 ന് മരങ്ങാട്ടുപിള്ളിയിൽ 2 ജീവനക്കാരും 244 അംഗങ്ങളും 10645/- രൂപ ഓഹരി മൂലധനവുമായി ഇലയ്ക്കാട് വില്ലേജ് കോ-ഓപ്പറേറ്റീവ് ബാങ്ക് (ക്ലിപ്തം) നമ്പർ 3556 എന്ന പേരിൽ ബാങ്ക് പ്രവർത്തനം ആരംഭിച്ചു. 1979 – ൽ ഇലയ്ക്കാട് പഞ്ചായത്ത് വിഭജിച്ച് മരങ്ങാട്ടുപിള്ളി കടപ്ലാമറ്റം പഞ്ചായത്തുകൾ രൂപീകരിക്കപ്പെട്ടപ്പോൾ മരങ്ങാട്ടുപിള്ളി സർവ്വീസ് സഹകരണ ബാങ്കായി പുനർനാമകരണം ചെയ്യപ്പെട്ടു. ഇന്ന് സ്വന്തമായ കെട്ടിടങ്ങളിൽ ആധുനിക സൗകര്യങ്ങളോടെ എയർ കണ്ടിഷൻ ചെയ്ത 5 ശാഖകളും 18000 അംഗങ്ങളും 1.67 കോടി രൂപ ഓഹരി മൂലധനവും 183 കോടി രൂപ നിക്ഷേവും 117 കോടി രൂപാ വായ്പയും 210 കോടി രൂപാ പ്രവർത്തന മൂലധനവും ആഡിറ്റ് ക്ലാസിഫിക്കേഷനിൽ A സർട്ടിഫിക്കേഷനിൽപ്പെട്ടതും തുടർച്ചയായി അംഗങ്ങൾക്ക് 25% ലാഭവിഹിതം നൽകുന്ന ഐ എസ് ഒ സർട്ടിഫൈഡ് ക്ലാസ് 1 സൂപ്പർ ഗ്രേഡ് ബാങ്കാണ് മരങ്ങാട്ടുപിള്ളി സർവ്വീസ് സഹകരണ ബാങ്ക്.