About

About Us >> >> Malayalam >> >>

ചരിത്ര താളുകളിലൂടെ . . .

കര്‍ഷക ഗ്രാമമായ മരങ്ങാട്ടുപിള്ളിയുടെ മണ്ണില്‍ 60 വര്‍ഷം മുന്‍പ് ബിജാവാപം ചെയ്യപ്പെട്ട സര്‍വീസ് സഹകരണ ബാങ്ക് ഇന്ന് ശാഖോപശാഖകള്‍ വീശി ,താരും തളിരും അണിഞ്ഞ്‌ മരങ്ങാട്ടുപിള്ളി പ്രദേശമാകെ തണല്‍ വിരിച്ചു നില്‍ക്കുന്നു . കഴിഞ്ഞ 60 വര്‍ഷ കാലയളവില്‍ ഈ ബാങ്ക് ചവിട്ടിക്കയറിയ പടവുകള്‍ നിരവധിയാണ്. കാല്‍വച്ച കര്‍മ്മരംഗങ്ങളിലെല്ലാം വിജയത്തിന്‍റെ വെന്നിക്കൊടി പാറിക്കാന്‍ ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്.


പ്രവര്‍ത്തനാരംഭം :

244 അംഗങ്ങളും 10,645/- രൂപാ ഓഹരി മൂലധനവും കോട്ടയം ഡിവിഷനില്‍ മീനച്ചില്‍ താലുക്കില്‍ ഇലക്കാട്‌ പഞ്ചായത്തില്‍പെട്ട ,ഇലക്കാട്‌ കുറിച്ചിത്താനം വില്ലേജുകള്‍ പ്രവര്‍ത്തന മേഖലയുമായി ഇലക്കാട് വില്ലേജ് കോ-ഓപ്പറേടിവ് ബാങ്ക്(ക്ലിപ്തം)നമ്പര്‍ 3556 എന്ന പേരില്‍ ഈ ബാങ്ക് 1952-ലെ 10- നമ്പര്‍ ട്രാവന്‍കൂര്‍- കൊച്ചിന്‍ സൊസൈറ്റീസ് ആക്ട്‌ പ്രകാരം 1955 മെയ്‌ 8-ന് രജിസ്റ്റര്‍ ചെയ്യപ്പെട്ടു. 1955 ജൂണ്‍ 12-ന് മരങ്ങാട്ടുപിള്ളി കമ്പനിപീടികയില്‍ ആഫീസ് തുറന്ന്‍ ബാങ്ക് പ്രവര്‍ത്തനം ആരംഭിച്ചു. അന്നത്തെ സ്ഥലം എം. എല്‍. എ. ആയിരുന്ന പ്രൊഫ.കെ.എം. ചാണ്ടി ആയിരുന്നു സ്ഥാപനത്തിന്റെ ഉദ്ഘാടനകര്‍മ്മം നിര്‍വഹിച്ചത് .


കാലോചിതമായ മാറ്റങ്ങള്‍ :

1957-ല്‍ ഇലക്കാട്‌ റീജിയണല്‍ കോ-ഓപറേറ്റിവ് ബാങ്ക് ആയും 1961-ല്‍ ഇലക്കാട്‌ സര്‍വീസ് സഹകരണ ബാങ്ക് ആയും 1979-ല്‍ ഇലക്കാട്‌ വിഭജിച്ച് മരങ്ങാട്ടുപിള്ളി ,കടപ്ലാമറ്റം പഞ്ചായത്തുകള്‍ രൂപികരിക്കപ്പെട്ടപ്പോള്‍ മരങ്ങാട്ടുപിള്ളി സര്‍വീസ് സഹകരണ ബാങ്ക് ആയും ഈ സ്ഥാപനം പുനര്‍നാമകരണം ചെയ്യപ്പെട്ടു.
വാടക കെട്ടിടത്തില്‍ നിന്ന്‍ ഇപ്പോഴുള്ള ബഹുനില കെട്ടിടത്തിലേക്ക് ബാങ്കിന്‍റെ പ്രവര്‍ത്തനം മാറ്റിയത് 1961-ല്‍ ആയിരുന്നു.ഈ നാട്ടുകാരനും കുറവിലങ്ങാട്‌ പൊതുമരാമത്ത് വകുപ്പ്‌ അസ്സിസ്റ്റന്‍റ എഞ്ചിനീയരും ആയിരുന്ന ശ്രീ.ജെയിംസ്‌ പോള്‍ കുരീക്കാട്ട് (പാലത്താനത്തെല്‍) തയാറാക്കിയ പ്ലാനും എസ്ടിമേറ്റും അനുസരിച്ച് 23000/- രൂപ മുതല്‍മുടക്കി പണിത കെട്ടിടം മരങ്ങാട്ടുപിള്ളിയിലെ ആദ്യത്തെ ഇരുനില കോണ്‍ക്രീറ്റ് കെട്ടിടമായിരുന്നു . ശ്രീ.ശങ്കരന്‍ കുഞ്ഞപ്പന്‍ മുണ്ടിയാനിയില്‍ , ശ്രീ.കൃഷ്ണന്‍ ഉണ്ണി വിളാകത്ത് ഇവര്‍ ആയിരുന്നു ഈ കെട്ടിടത്തിന്‍റെ ശില്‍പികള്‍. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് ശ്രീ.കെ.ഒ.ഉലഹന്നന്‍ കുന്നത്തുതറപ്പില്‍ അവര്‍കളായിരുന്നു . കെട്ടിടനിര്‍മ്മാണത്തിന് ആവശ്യമായ 25 സെന്‍റ് സ്ഥലം 1956-ല്‍ 2500 രൂപക്ക് മരങ്ങാട്ടുപിള്ളിയുടെ ഹൃദയഭാഗത്ത്‌ സൗജന്യ വിലക്കു നല്‍കിയത് ബാങ്കിന്‍റെ ആരംഭകാല പ്രവര്‍ത്തകനായിരുന്ന ശ്രീ.തറപ്പേല്‍ പാപ്പച്ചന്‍ ആയിരുന്നു.

കുര്യനാട്ടും കുറിച്ചിത്താനത്തും മണ്ണയ്ക്കനാട്ടും ഉള്ള അംഗങ്ങളുടെ സൗകര്യാര്‍ത്ഥ൦ 1976 ല്‍ കുര്യനാട്ടും 1979 ല്‍ കുറിച്ചിത്താനത്തും 2005 ല്‍ വളക്കുഴിയിലും ബ്രാഞ്ചുകള്‍
ആരംഭിച്ചു.

കുര്യനാട് ബ്രാഞ്ച് പ്രവര്‍ത്തനം ആരംഭിച്ചത് അവിടെ പ്രവര്‍ത്തിച്ചിരുന്ന ജോയിന്റ്‌ ഫാമിംഗ് സഹകരണ സംഘം വക കെട്ടിടത്തില്‍ ആയിരുന്നു. കേരളാ ഗവണ്മെന്റ് ഉള്‍പ്പെടെ
158 അംഗങ്ങളും 5890 രൂപാ ഓഹരി മൂലധനവും ഉണ്ടായിരുന്ന ആ സംഘത്തെ കോട്ടയം സഹകരണ സംഘം ഡെപ്യൂട്ടി രജിസ്റ്റട്രാറുടെ 3557/76-)൦ നമ്പര്‍ ഉത്തരവിന്‍ പ്രകാരം
1976 ല്‍ നമ്മുടെ ബാങ്കില്‍ ലയിപ്പിച്ചു

കുര്യനാട്ട് കൂടുതല്‍ സൌകര്യാര്‍ത്ഥം എം.സി. റോഡ്‌ സൈഡില്‍ 10 സെന്റ്‌ ഭൂമി 15,750 രൂപാ മുടക്കി 1981 ല്‍ വാങ്ങി ഇപ്പോഴുള്ള ഇരുനില കെട്ടിടം പണിത് ബ്രാഞ്ച്
പ്രവര്‍ത്തനം 29-05-1986 ല്‍ ആരംഭിച്ചു. വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന കുറിച്ചിത്താനം ബ്രാഞ്ച് ശ്രീധരി ജംഗ്ഷനില്‍ കെട്ടിട സൗകര്യത്തോട് കൂടി 10 സെന്റ്‌ സ്ഥലം
1,40,000 രൂപാ മുടക്കി 1981 ല്‍ വാങ്ങി പ്രസ്തുത കെട്ടിടത്തിലേയ്ക്ക് മാറ്റി. പിന്നീട് സ്ട്രോങ്ങ്‌ റൂം സൗകര്യത്തോട് കൂടി ഒന്നാം നില സജ്ജീകരിച്ച് 4 - 10 - 1995ല്‍
പ്രവര്‍ത്തനം തുടങ്ങി. മണ്ണയ്ക്കനാട് ബ്രാഞ്ചിന് വേണ്ടി പാല-കോഴ റോഡ്‌ സൈഡില്‍ വളക്കുഴി ജംഗ്ഷനില്‍ 8 സെന്റ്‌ സ്ഥലം 1,03573 രൂപാ മുടക്കി 30/12/1999 ല്‍
വാങ്ങി.
ഇതിനോടകം പലപ്രാവശ്യം ബാങ്കിന്‍റെ പ്രവര്‍ത്തനപരിധിയില്‍ മാറ്റം വരുത്തിയിട്ടുണ്ട്. 1965-ല്‍ വയലാ സര്‍വീസ് സഹകരണ സംഘവുമായി പ്രവര്തനപരിധി നിര്‍ണയിക്കുന്നതിന്റെ ഭാഗമായി ഇലക്കാട് പഞ്ചായത്തില്‍പ്പെട്ട 8,9,10 വാര്‍ഡുകളായിരുന്ന വയലാ ഈസ്റ്റ്‌, ഇലക്കാട്,വയലാ വെസ്റ്റ് വാര്‍ഡുകള്‍ ഒഴികെയുള്ള ഇലക്കാട് വില്ലെജും, കുറിച്ചിത്താനം വില്ലജുമായിതീര്‍ന്നു പ്രവര്‍ത്തന പരിധി. വയലാ ബാങ്കുമായി അതിര്‍ത്തി പുനര്‍നിര്‍ണയം 1975-ല്‍ വീണ്ടും നടത്തിയപ്പോള്‍ മരങ്ങാട്ടുപിള്ളി - ഇലക്കാട് - ഹരിജന്‍കോളനി - വല്യചിറ - നെചിമറ്റ൦ - കൊഴാ റോഡിനു തെക്കും പടിഞ്ഞാറുമുള്ള ഇലക്കാട് വാര്‍ഡിന്റെ ഭാഗങ്ങളും വയലാ രണ്ടു വാര്‍ഡുകളും നീക്കി ബാക്കിയുള്ള ഇലക്കാട് വില്ലേജ്, കുറിച്ചിത്താനം വില്ലേജ് ഇവ ഉള്‍പ്പെടെ ഇലക്കാട് പഞ്ചായത്ത് പരിധി. ഇലക്കാട് പഞ്ചായത്തിന്റെ വിഭജനത്തോടുകൂടി 1981 മുതല്‍ കടപ്ലാമറ്റം പഞ്ചായത്തില്‍ പെട്ട ഇലക്കാട് വില്ലേജിന്റെ മുഴുവന്‍ ഭാഗങ്ങളും നമ്മുടെ ബാങ്കിന്‍റെ പ്രവര്‍ത്തന പരിധിയില്‍ നിന്ന് ഒഴിവായി. കുറിച്ചിത്താനം വില്ലേജ് വിഭജനത്തെ തുടര്‍ന്ന് 1986 മുതല്‍ മരങ്ങാട്ടുപിള്ളി പഞ്ചായത്തില്‍പ്പെട്ട ഇലക്കാട്,മോനിപ്പള്ളി, കുറിച്ചിത്താനം വില്ലേജുകളാണ് ബാങ്കിന്‍റെ പ്രവര്‍ത്തന പരിധി.

ബാങ്ക്പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുള്ള അധികാരം ബാങ്കിന്‍റെ പൊതുയോഗം തെരഞ്ഞെടുക്കുന്ന ഡയറക്ടര്‍ ബോര്‍ഡില്‍ നിക്ഷിപ്തമാണ്. ഭരണസമിതിയംഗങ്ങളുടെ എണത്തിലും ഘടനയിലും യോഗ്യതയിലും ഇതിനോടകം പല മാറ്റങ്ങളും വന്നിടുണ്ട്. തുടക്കത്തില്‍ ഉണ്ടായിരുന്നത് ഇലക്കാട്‌ കുറിച്ചിത്താനം വില്ലേജുകളില്‍ നിന്ന് പൊതുയോഗം തിരഞ്ഞെടുക്കുന്ന മൂന്നു വീതം പ്രതിനിധികളും നോമിനേറ്റു ചെയ്യപെടുന്ന മൂന്ന് പ്രധിനിധികളും ഉള്‍പ്പെട്ട ഒരു ഒമ്പതംഗ ഭരണസമിധിയയിരുന്നു. പിന്നീട് കുറിച്ചിത്താനം, ഇലക്കാട് വില്ലെജുകളെ മുമ്മൂന്നു വാര്‍ഡുകളായി വിഭജിച്ചു അംഗങ്ങളെ തിരഞ്ഞെടുത്തു. ഓഹരി ഉടമകളുടെ എണ്ണവും പ്രാദേശിക സൌകര്യവും പരിഗണിച്ച് വാര്‍ഡുകളുടെ എണ്ണവും ഭരണസമിധിയുടെ അംഗ സംഗ്യയും വര്‍ധിപ്പിച്ചു. 1987 മുതല്‍ സര്‍ക്കാര്‍ നോമിനീ ഒഴിവായി. പൊതുയോഗം തെരഞ്ഞെടുക്കുന്ന 9 വാര്‍ഡു പ്രതിനിധികളും 3 വനിതാ പട്ടിക ജാതി നിക്ഷേപകരുടെ പ്രധിനിധിയും ഉള്‍പ്പെടുന്ന 15 അംഗഭരണസമിതിയാണ് ബാങ്കുഭരണ൦ നടത്തുന്നത്. ബാങ്കിന്‍റെ ആരംഭ കാലത്ത് കുറഞ്ഞത്‌ 10 ഓഹരിയെങ്കിലും ഉള്ളവര്‍ക്കെ ഭരണസമിധിയംഗമാകുവാന്‍ മത്സരിക്കാന്‍ കഴിയുമായിരുന്നുള്ളൂ.ഒരു ഓഹരിയുടെ വില 25 രൂപയാണ്. 26.10.2003-ല്‍ തെരഞ്ഞെടുത്ത് 30.10.2003-ല്‍ ചാര്‍ജെടുത്ത ഭരണസമിതിയാണ് ബാങ്കിന്‍റെ ഭരണം ഇപ്പോള്‍ നടത്തിവരുന്നത്.

മാറിവരുന്ന സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് അംഗങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് വേണ്ടി ബാങ്കിന്‍റെ ബൈലോയില്‍ കാലോചിതമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. 141 ഭേതഗതികള്‍ ഇതിനോടകം ബൈലോയില്‍ വരുത്തിയിട്ടുണ്ട്.

28.08.1992-ലെ സര്‍ക്കാര്‍ ഉത്തരവ് വഴി സഹകരണസംഘങ്ങളിലെ അംഗങ്ങള്‍ക്ക് ബാങ്ക് ഇടപാടുകള്‍ക്കും ഭരണസമിധി തിരഞ്ഞെടുപ്പിന് വോട്ടവകാശം വിനിയോഗിക്കുന്നതിനും ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ്‌ നിര്‍ബന്ധമാക്കിയിട്ടുണ്ട്.

2000- )oമാണ്ട് മുതല്‍ സര്‍ക്കാര്‍ / നബാര്ട് പദ്ധധിപ്രകാരം സംഘടിക്കപെട്ട, ബാങ്കിന്‍റെ പ്രവര്‍ത്തന പരിധിയില്‍ പ്രവര്‍ത്തിക്കുന്ന അയല്‍കൂട്ടങ്ങള്‍ക്കും സ്വയംസഹായ സംഘങ്ങള്‍ക്കും ബാങ്കില്‍ അംഗത്വം നല്‍കി വായ്പ നല്‍കുന്നുണ്ട്.


ഓഹരി പങ്കാളിത്തം

സംഘങ്ങള്‍ തമ്മിലുള്ള സഹകരണം സഹകരണതത്വങ്ങളിലെ ഒരു പ്രധാന തത്വമാണ്. കോട്ടയം ജില്ലാ സഹകരണ ബാങ്ക്, മോനിപ്പിള്ളി മാര്‍ക്കെറ്റിംഗ് കോ-ഓപ്പറേറ്റിവ് സൊസൈറ്റീ,
കോട്ടയം കോ-ഓപ്പറേറ്റിവ് ഹോള്‍സെയില്‍ കണ്‍സ്യുമര്‍ സൊസൈറ്റി, കോട്ടയം ഫ്രൂട്ട്സ് ആന്‍റ് വെജിറ്റബിള്‍ സൊസൈറ്റി,കേരള സ്റ്റേറ്റ് കോ-ഓപ്പറെടിവ് മാര്‍ക്കറ്റിംഗ് ഫെടെറെഷന്‍,ഗൈയ്ക്കോ കുറവിലങ്ങാട്, ഇഫ്കോ ലിമിറ്റഡ് തുടങ്ങിയ സഹകരണ സ്ഥാപനങ്ങളില്‍ നമ്മുടെ ബാങ്കിന് ഓഹരി പങ്കാളിത്തം ഉണ്ട്.


കാര്‍ഷിക വികസന പരിപാടികള്‍

ബാങ്ക് അംഗങ്ങളിലെ മഹാഭൂരിപക്ഷം വരുന്ന കര്‍ഷകരുടെ ഗുണത്തിനായി ആധുനിക വളങ്ങള്‍, കൃഷിയായുധങ്ങള്‍,വിത്തുകള്‍,തൈകള്‍ എന്നിവ ആവശ്യാനുസരണം വേണ്ട സമയത്ത് നല്‍കുന്നതിനുള്ള കര്‍ത്തവ്യം കുടി ബാങ്കിന്‍റെ ആരംഭ കാലം മുതല്‍ നിര്‍വഹിച്ചു പോരുന്നു. ഹെഡ് ഓഫീസിലും ബ്രാഞ്ചുകളിലും ബാങ്കിന്‍റെ വളം ഡിപ്പോ പ്രവര്‍ത്തിക്കുന്നുണ്ട്. കൃഷിയിലും ഉത്പാദനത്തിലും ന്നൂതനമായ അറിവുകള്‍ നല്‍കുന്നതിനും വളം, കീടനാശിനി ഇവയുടെ ഉപയോഗ ക്രമം മുതലായ കാര്യങ്ങള്‍ പഠിപ്പിക്കുന്നതിനും പറ്റിയ വിധത്തില്‍ കര്‍ഷക സെമിനാര്‍ ,മണ്ണ് പരിശോധന , ഫിലിം പ്രദര്‍ശനം മുതലായ പരിപാടികള്‍ നടത്തി കര്‍ഷകരെ പ്രബുദ്ധരാക്കിയിരുന്നു. ബാങ്ക് വക വളം ഡിപ്പോയില്‍ നിന്ന് ഒരു നിശ്ചിക തുകയില്‍ കുറയാതെ വളം വാങ്ങുന്നവരുടെ പേരുകള്‍ നറുക്കിട്ട് സമ്മാനങ്ങള്‍ നല്‍കിയിരുന്നു.

യന്ത്രവത്കൃത കൃഷി സംബ്രതായം നടപ്പിലാക്കി കൃഷി ചെലവ് കുറക്കുന്നതിനു 1967 കാലഘട്ടത്തില്‍ ട്രാക്ടര്‍ വാങ്ങി അംഗങ്ങള്‍ക്ക് കുറഞ്ഞ വാടകയ്ക്ക് കൊടുത്തിരുന്നു.
പബുസെറ്റ്, സ്പ്രേയെര്‍, വട്ടചെമ്പ് മുതലായ കാര്‍ഷിക ഉപകരണങ്ങള്‍ വാടകയ്ക്ക് കൊടുത്ത് ഈ പ്രദേശത്തെ കാര്‍ഷിക വികസനത്തിന്‌ ആവശ്യമായ സഹായസഹകരണങ്ങള്‍ ബാങ്കില്‍ നിന്ന് ചെയ്തുവരുന്നു.

ഈ പ്രദേശത്തെ പ്രധാന കൃഷിയായ നെല്ല്,കപ്പ,വാഴ,ഇഞ്ചിഎന്നിവ ശാസ്ത്രീയമായി കൃഷിചെയ്തു വിളവ്‌ വര്‍ദ്ധിപ്പിക്കേണ്ടത് ഒരു ദേശീയ ആവശ്യമായി കണ്ടുകൊണ്ട്‌ തദനുസരണമായ പ്രജോദനം കൃഷിക്കാര്‍ക്ക് നല്‍കുന്നതിനായി വിള മത്സരങ്ങള്‍ നടത്തി സമ്മാനങ്ങള്‍ നല്‍കിയിട്ടുണ്ട്.
നിര്‍ധനര്‍ക്ക് പലിശ രഹിത നെല്‍കൃഷി വായ്പകള്‍, കുറഞ്ഞ നിരക്കില്‍ പച്ചക്കറി കൃഷി വായ്പകള്‍, പശു വായ്പ, തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ചു കുറഞ്ഞ പലിശക്ക് ഭവന വായ്പകള്‍ എന്നിവയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ബാങ്കിന്‍റെ ആരംഭ കാലം മുതല്‍ അംഗങ്ങളുടെ മക്കളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാന്‍ ക്യാഷ് അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. S.S.L.C(state/C.B.S.E/I.C.S.E),+2(state/C.B.S.E/V.H.S.E), +two പരീക്ഷകളില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക്‌ വാങ്ങി ആദ്യ ചാന്‍സില്‍ വിജയിക്കുന്ന ബാങ്ക് അംഗങ്ങളുടെ മക്കള്‍ക്കും പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ പെട്ട അംഗങ്ങളുടെ മക്കള്‍ക്കും ക്യാഷ് അവാര്‍ഡുകള്‍ വാര്‍ഷിക പൊതുയോഗത്തില്‍ വച്ച് നല്‍കുന്നു. അതുപോലെ ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ച ബാങ്ക് അംഗങ്ങളെയും അംഗങ്ങളുടെ മക്കളെയും ആദരിച്ചു വരുന്നു.
ബാങ്കിന്‍റെ സില്‍വര്‍ ജൂബിലീ സ്മാരകമായി 1980-ല്‍ ഹെഡ് ആഫീസ് കോംപ്ലക്സ്‌ വീണ്ടും വിപുലപ്പെടുത്തി. പൊതു ജനങ്ങളുടെ സൗകര്യാര്‍ത്ഥ൦ 1982 മുതല്‍ K.S.E.B അസ്സിസ്റ്റന്‍റ് എഞ്ചിനീയര്‍ ആഫീസും, 1999 മുതല്‍ സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ മാവേലി സ്റ്റോറൂം ഹെഡ് ആഫീസ് കോംപ്ലക്സ്‌ പ്രവര്‍ത്തിച്ചു വരുന്നു.
ഏകദേശം 400 പേര്‍ക്ക് ഇരിക്കാവുന്ന ഒരു ആഡിറ്റോറിയം സുവര്‍ണ ജൂബിലീ സ്മാരകം ആയി പണിതിട്ടുണ്ട്.


വിവിധ വായ്പാ പദ്ധതികള്‍

ആദ്യ കാലത്ത് ജില്ലാ ബാങ്കിനെ മാത്രം ആശ്രയിച്ചു വയ്പ വിതരണം നടത്തിയിരുന്ന ബാങ്ക് ഇന്ന് അംഗങ്ങളുടെ എല്ലാവിധ വായ്പാ ആവശ്യങ്ങളും നിറവേറ്റുന്നതിനുള്ള ധനശേഷി അര്‍ജിച്ചിട്ടുണ്ട്. 60 വര്‍ഷം മുന്‍പ് ഒരംഗത്തിന് 2000 രൂപയില്‍ കവിഞ്ഞ ഒരു തുകക്ക് ബാങ്കിനോട് കടപ്പെടാന്‍ സാധിക്കുമായിരുനില്ല. സ്വന്തം ഫണ്ടില്‍ നിന്ന് മീനച്ചില്‍ താലൂക്കില്‍ പെട്ട സ്ഥാപര വസ്തുക്കള്‍ ഈട് സ്വീകരിച്ചു 25 ലക്ഷം രൂപ വരെ ഒരു അംഗത്തിന് ഇപ്പോള്‍ വായ്പാ നല്‍കുന്നു. കുറഞ്ഞ പലിശ നിരക്കില്‍ കാര്‍ഷിക വായ്പാ 2 ലക്ഷം രൂപ വരെ നല്‍കുന്നുണ്ട്. വാഹനം,ഗ്രഹോപകരണങ്ങള്‍, വീട് നിര്‍മാണം, വിദേശ ജോലി, വിദ്യാഭാസം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് വായ്പാ നല്‍കി വരുന്നു. സ്വര്‍ണ പണയത്തിന്മേല്‍ 25 ലക്ഷം രൂപ വരെ വായ്പാ നല്‍കുന്നു.ഒരംഗം ബാങ്കില്‍ അടച്ചിട്ടുള്ള ഓഹരി മൂലധനത്തിന്റെ ഒരു നിശ്ചിത ഇരട്ടി വരുന്ന തുക മാത്രമേ വായ്പയായി അംഗങ്ങള്‍ക്ക് അനുവദിക്കുകയുള്ളു. ബാങ്കിന് അംഗങ്ങളില്‍ നിന്നോ അല്ലാതെയോ വാങ്ങാവുന്ന പരമാവധി കടം ബാങ്കിന്‍റെ പിരിഞ്ഞു കിട്ടിയ ഓഹരി മൂലധനത്തിന്റെയും കരുതല്‍ ധനതിന്റെയും നിശ്ചിത ഇരട്ടിയാണ്. ബാങ്കിന്‍റെ ആരംഭ കാലത്ത് ആള്‍ജാമ്യത്തില്‍ ഓഹരി തുകയുടെ നാല് ഇരട്ടിയും വസ്തു ഈടില്‍ എട്ടു ഇരട്ടിയുമായിരുന്നു ഓഹരി വായ്പാ അനുവാദം. ഇപ്പോള്‍ ഓഹരി തുകയുടെ 150 ഇരട്ടി വരെ വായ്പ നല്‍കുന്നു.

വസ്തു ഈടിന്മേല്‍ വായ്പാ നല്‍കുന്നതിനു പണയാധാരം രജിസ്റ്റര്‍ ചെയ്യുനത് പകരം ആധാരം ഡിപ്പോസിറ്റ് സ്വീകരിച്ചുകൊണ്ട് വായ്പാ നല്‍കുന്ന 'ഗഹാന്‍' പദ്ധതി 14.01.2005 മുതല്‍ നടപ്പാക്കി. ഇതിന്‍റെ ഫലമായി മുന്‍കാലങ്ങളില്‍ സഹകരണ ബാങ്കില്‍ നിന്ന് വായ്പാ എടുക്കുന്ന അംഗങ്ങള്‍ക്ക് രെജിസ്ട്രേഷന്‍ ഇനത്തിലും മറ്റു ഇനത്തിലും ഉണ്ടായിരുന്ന അധിക ചെലവ് ഒഴിവാക്കി കുറഞ്ഞ ചിലവില്‍ വായ്പാ എടുക്കാന്‍ കഴിയുന്നു. ഗഹാന്‍ പ്രകാരം രജിസ്റ്റര്‍ ചെയുന്ന പണയാധാരങ്ങള്‍ക്ക് 12 വര്‍ഷത്തെ തുടര്‍ച്ച ലഭിക്കുന്നതാണ്. ബാങ്കില്‍ പണയപ്പെടുത്തുന്ന വസ്തു വകകള്‍ പരിശോധിച്ച് മതിപ്പ് വില നിശ്ചയിക്കുന്നത് പ്രസിഡന്റ്‌,വൈസ് പ്രസിഡന്റ്‌, അതതു വാര്‍ഡിലെ ഭരണസമിതി അംഗം, സെക്രെട്ടെറി എന്നിവരടങ്ങിയ ഒരു സബ് കമ്മിറ്റിയാണ്.

ബാങ്കിലേക്ക് ഈട് നല്‍കുന്ന പണയ വസ്തുവിന്റെ ബാധ്യത സര്‍ട്ടിഫിക്കറ്റ് ബന്ധപ്പെട്ട സബ് രെജിസ്റ്റര്‍ ആഫീസില്‍ നിന്ന് തിരച്ചില്‍ സര്‍ട്ടിഫിക്കറ്റ് സംബാധിക്കുന്നതിനു ബാങ്ക് ബൈലോ പ്രകാരം ഒരു ഏജെന്റിനെ ചുമതലപ്പെടുതിരിയിക്കുകയാണ്.1983 വരെ ഈ ചുമതല നിര്‍വഹിച്ചത് ജെയിംസ്‌ മാത്യു മറ്റം, ടി.ജോണ്‍ പുളിക്കീല്‍മ എം.കെ ചാക്കോച്ചന്‍ കുമ്പുളുങ്കല്‍, എം.എം ജോണ്‍ മെറികൊട്ടേജ് എന്നിവരായിരുന്നു. 1983 മുതല്‍ കെ.ജി പങ്കജാക്ഷന്‍ നായര്‍ കളത്തുമാക്കീയില്‍ ആണ് ഈ ചുമതല നിര്‍വഹിക്കുന്നത്. 2005 മുതല്‍ ഗഹാന്‍ പദ്ധതി പ്രകാരമുള്ള രേഘകള്‍ തയ്യാറാക്കുന്നതും ഇദ്ദേഹം തന്നെയാണ്.

വിലപിടിപ്പുള്ള രേഘകള്‍, സ്വര്‍ണ ഉരുപ്പടികള്‍ എന്നിവ സൂക്ഷിക്കുന്നതിന് ഹെഡ് ഓഫീസിലും ബ്രാഞ്ചുകളിലും സേഫ് ഡെപ്പോസിറ്റ് ലോക്കര്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

അംഗങ്ങളുടെ സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനവശ്യമായ പണം സ്വരൂപിക്കുനത് വേണ്ടിയും അംഗങ്ങളുടെ ഇടയില്‍ സമ്പാദ്യ മനോഭാവവും പരസ്പര സഹകരണവും വര്‍ധദ്ധിപ്പിക്കുന്നത്തിനു വേണ്ടിയും ബാങ്കിന്‍റെ ആരംഭ കാലത്ത് 2000 സലയില്‍ തുടങ്ങിയ ഒരു ഗ്രൂപ്പ്‌ ചിട്ടി ഇന്ന് 28,75,500/- രൂപാ മുതലുള്ള ചിട്ടിക്കു സമാനമായ ഗ്രൂപ്പ്‌ ഡിപ്പോസിറ്റ് ക്രെഡിറ്റ്‌ സ്കീമിന്‍റെ (G.D.C.S.) 44 ഗ്രൂപ്പുകള്‍ ഹെഡ് ആഫീസിലും ബ്രാഞ്ചുകളിലുമായി നടത്തുന്നു. വായ്പകള്‍, ചിട്ടികള്‍, നിക്ഷേപങ്ങള്‍, എന്നീ
ബാങ്കിംഗ് ഇടപാടുകള്‍ക്ക് പുറമേ വളം, കീടനാശിനികള്‍, സിമിന്‍റ് എന്നീവയുടെ വ്യാപാരവും ലാഭത്തില്‍ നടത്തി വരുന്നു, കുറഞ്ഞ
ചിലവില്‍ ഡിമാന്‍ഡ് ഡ്രാഫ്റ്റ് ലഭിക്കുന്നതിനുള്ള സൌകര്യവും ഉണ്ട്.
ബാങ്കിലെ അംഗങ്ങള്‍ക്കും, ഇടപാട്കാര്‍ക്കും കൂടുതല്‍ സേവനം ലഭ്യമാക്കുക എന്ന ഉദ്ധ്യേശത്തോടെ ടെലിഫോണ്‍ ബില്ലും, വൈധ്യുതി
ബില്ലുംകോട്ടയം ജില്ലയില്‍ നടപ്പാക്കിയിട്ടുള്ള കന്യാ സുരക്ഷാ ഇന്‍ഷുറന്‍സ് പദ്ധതിയുടെ പ്രീമിയവും അടയ്ക്കുന്നതിന് ഹെഡ്
ആഫീസിലും ബ്രാഞ്ചുകളിലും സൌകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.


കമ്പ്യൂട്ടര്‍ വത്കരണം

സാങ്കേതികവിദ്യയുടെ പിന്‍ബലത്തോടുകൂടി ബാങ്കിംഗ് പ്രവര്‍ത്തനം കൂടുതല്‍ സുഗുമവും കാര്യക്ഷമവും ആക്കുന്നതിന്റെ
ഭാഗമായി I.C.D.P യുടെ സഹായത്തോട്കൂടി 1994 -ല്‍ കമ്പ്യൂട്ടര്‍വത്കരണ പരിപാടി ആരംഭിക്കുകയും 14.01.2005 മുതല്‍
ഹെഡ് ആഫീസിലെയും ബ്രാഞ്ചുകളിലെയും ബാങ്ക് ഇടപാടുകള്‍ കമ്പ്യൂട്ടര്‍വത്കരിക്കുകയും core banking പ്രാവര്‍ത്തികമാക്കുകയും ചെയ്തു.


സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍

സാമൂഹ്യവും ജനോപകാരപ്രദവുമായ കാര്യങ്ങള്‍ക്ക് ബാങ്കില്‍നിന്ന് ധനസഹായം നല്‍കി വരുന്നു. 2004 ഡിസംബര്‍ 26 ന് ഉണ്ടായ
സുനാമി യില്‍പ്പെട്ട് അവശത അനുഭവിക്കുന്നവരെ സഹായിക്കാന്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഫണ്ടിലേയ്ക്ക് 25,000 /- രൂപാ നല്‍കി
2007 ല്‍ പകര്‍ച്ചപ്പനി ബാധിച്ചവര്‍ക്ക് 112636 രൂപാ വിലവരുന്ന7818 കി.ഗ്രാം. അരി വിതരണം നടത്തിയിട്ടുണ്ട്. സ്കൂള്‍ കുട്ടികള്‍ക്ക്
കുട വിതരണം നടത്തി.ചികിത്സ സഹായം,കുട്ടികള്‍ക്കായി ദിനപത്രം,ഫല വൃക്ഷ തൈകളുടെ വിതരണം,അടുക്കളത്തോട്ടം പ്രോത്സാഹനം തുടങ്ങിയവയും ബാങ്കിന്‍റെ പ്രവര്‍ത്തനങ്ങളാണ്. മണ്ണയ്ക്കനാട് ഗവ. മോഡല്‍ യു.പി. സ്കൂള്‍, മരങ്ങാട്ടുപിള്ളി സെന്റ് തോമസ് എച്.എസ്., ഇലക്കാട് സഹകരണ
ആശുപത്രി എന്നിവയ്ക്ക് പൊതുനന്മ ഫണ്ടില്‍ നിന്ന് ധനസഹായവും,സ്കൂളുകളില്‍ ഫല വൃക്ഷ തോട്ടം പിടിപ്പിക്കലും, മരങ്ങാട്ടുപിള്ളി പഞ്ചായത്തിന് ടാക്സി സ്റ്റാന്‍റിന് സ്ഥലം വാങ്ങാന്‍
ഇന്ദിര വികാസ് പത്രികയുടെ പ്രാദേശിക വികസനത്തിനുള്ള വിഹിതവും ബാങ്ക് നല്‍കിയിട്ടുണ്ട്.


പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരം

ആരംഭകാലം മുതല്‍തന്നെ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഈ ബാങ്കിന്‍റെ ബഹുമുഖമായ പ്രവര്‍ത്തനങ്ങളുടെ അംഗീകാര
മായി നിരവധി അവാര്‍ഡുകളും പുരസ്കാരങ്ങളും ലഭിക്കുകയുണ്ടായി. രണ്ടാം പഞ്ചവത്സരപദ്ധതിയനുസരിച്ച് വില്ലേജ് ബാങ്കുകളെ
വന്‍കിട നാണയസംഘമായി രൂപാന്തരപ്പെടുത്തിയപ്പോള്‍ 1957 ല്‍ മീനച്ചില്‍ താലൂക്കില്‍ നിന്നും തിരഞ്ഞെടുത്ത ഏക വന്‍കിട
നാണയ സംഘം നമ്മുടെ ബാങ്ക് ആയിരുന്നു.1973 - 74 ,77 - 78 , 78 -79 , 82-83, 84-85, 86-87, 91 -92 വര്‍ഷങ്ങളില്‍
മീനച്ചില്‍താലൂക്കിലെ ഏറ്റവും നല്ല ബാങ്കിനുള്ള അവാര്‍ഡ് ലഭിച്ചു. വളം വില്‍പ്പനയ്ക്ക് വിവിധ ഏജന്‍സികളുടെ അവാര്‍ഡുകള്‍
തുടര്‍ച്ചയായി ലഭിച്ചിട്ടുണ്ട്.

നമ്മുടെ ബാങ്കിന്‍റെ നാനാവിധത്തിലുള്ള പ്രവര്‍ത്തനങ്ങളെ വിലയിരുത്തിക്കൊണ്ട് ഈ ബാങ്ക് കേരളത്തിലെ ഏറ്റവും നല്ല സര്‍വീസ്
സഹകരണ ബാങ്കുകളില്‍ ഒന്ന്‍ എന്ന്‍ സഹകരണ സംഘം രജിസ്ട്രാര്‍ അഭിപ്രായപ്പെടുകയുണ്ടായി.

About Us>> >> English >> >>

The bank was established before 60 years in the Marangattupilly village and now the Marangattypally service cooperative bank has got many branches all over the Marangattupilly Panchayath.The steps taken ahead and the golden achievements for the last 60 years are well appreciated by the public.

The Bank has opened with 244 members and the capital amount of Rs.10,645 at Ilakkadu Panchayath(Kottayam Division) and the zonal areas were Kurichithanam and Ilakkadu village.Under the Travancore Cochin Cooperative society act, The bank has registered as Ilakadu village cooperative bank Ltd No. 3556 in the year of 1955 June 12th.The first office was at Marangattupilly company pedika.The office was inaugurated by the former MLA Prof.K.M Chandi.